Tuesday, 15 April 2014

മരണം വിൽക്കുന്നവർ

മരണം വിൽക്കുന്നവർക്ക് എന്തൊരു നിസ്സംഗതയാണ്?

അല്ല
യുദ്ധവും ദുരിതങ്ങളും വിൽക്കുന്ന നേതാക്കന്മാരല്ല
അവരെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്
അവർക്ക് നിസ്സംഗതയല്ല. വെറിയാണ്.
കൊല്ലാനും കൊന്നുതിന്നാനുമുള്ള അടങ്ങാത്ത വെറി.

എനിക്ക് പറയാനുള്ളത്
മരണം ചില്ലറയായി വിൽക്കുന്നവരെപ്പറ്റിയാണ്.
വെളുത്ത് മെലിഞ്ഞ കുഴലുകളിലും,
കട്ടിച്ചില്ലിന്റെ കുപ്പികളിലും നിറച്ച്
മരണം വീതിച്ചു കൊടുക്കുന്നവരെപ്പറ്റി

മരണം വാങ്ങുന്നവരോട് അവർക്ക് സഹതാപമല്ല
സൗഹൃദമാണ്
വാങ്ങുന്നവരുടെ "പതിവ്" വിൽക്കുന്നവർക്കറിയാം
ദിവസവും അവരതൊരുക്കിവെക്കുന്നു
ഇന്നയാൾ നേരത്തെ മരിച്ചുതുടങ്ങട്ടെ എന്ന് വിചാരിച്ചാണോ?
അതോ മരണത്തിന്റെ ക്രയവിക്രയം വേഗത്തിലാക്കാനോ?

ആദ്യമായ് സമീപിക്കുനവരോട് അവർ പറയാറില്ല
സുഹൃത്തേ, വേണ്ട, ഇത് മരണമാണെന്ന്.
ഭാവഭേദമില്ലാതെ അവർ മരണം എടുത്തുകൊടുക്കുന്നു.
ആ നിസ്സംഗത ഭയാനകമാണ്

പക്ഷെ
മരണം വിൽക്കുന്നവർക്കും ജീവിക്കണമല്ലോ അല്ലെ?

Monday, 7 April 2014

ഏകാന്തത സ്ഥായീഭാവമാകുന്നത്

ഏകാന്തത സ്ഥായീഭാവമാകുന്നത് ഭയാനകമാണ്.
അതായിരുന്നു എന്റെ മുൻവിധി.
എല്ലാ മുൻവിധികളെയും പോലെ
ഇതിനും അടിസ്ഥാനമില്ലെന്ന്
ഈയിടെയാണ് ഞാൻ മനസിലാക്കിയത്.

ഏകാന്തതക്കും, അതിനൊപ്പമുള്ള, ഒഴിവാക്കാനാവാത്ത,
വേദനക്കും, അതിന്റേതായ ഒരു കുളിർമയുണ്ട്.

സ്വാതന്ത്ര്യം ലഭിച്ച ഒരു അനുഭൂതിയാണെനിക്ക്.
എന്നെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും,
എനിക്കിപ്പോൾ വ്യാകുലതകളില്ല.
ഒരു നോവലിലെ കഥാനായകനെപ്പോലെ
വിദൂരതയിലേക്ക് കണ്ണും നട്ട്
ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ
എന്നിൽത്തന്നെ എനിക്ക് മുഴുകിയിരിക്കാം.

ഏകാന്തതക്ക് നന്ദി
അതിനൊപ്പം വന്ന വേദനക്കും

കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഞാൻ വീണ്ടും ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.
സൌഹൃദത്തിന്റെ സ്ഥായിയായ സന്തോഷത്തേക്കാൾ
അപരിചിതത്വത്തിന്റെ നൈമിഷികമായ അനുഭൂതിയെ
ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ, ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

അല്ലെങ്കിലും
ശീലങ്ങൾ ഇഷ്ടങ്ങളാകുന്നത് ഒരു പുതുമയല്ലല്ലോ.