ഒന്നും രണ്ടുമായി, കുറെയേറെ ദിവസങ്ങൾ കൊണ്ട് പെറുക്കി, ഒരു പഴയ കുപ്പിയിൽ ഇട്ടടച്ച് ഞാൻ സൂക്ഷിക്കുന്ന എൻറെ മഞ്ചാടിക്കുരുക്കളെപ്പറ്റി എനിക്ക് ചിലത് പറയാനുണ്ട്.
ഏതാണ്ടൊരഞ്ഞൂറെണ്ണമുണ്ടാവും. തീർച്ച.
ഇല്ല, അഞ്ഞൂറിൽ കുറയാൻ ഇടയില്ല. അതിനെക്കാൾ കൂടുതൽ ആവാനേ തരമുള്ളൂ.
ഒരു മരത്തിൻറെ ചുവട്ടിൽ നിന്നും പെറുക്കിയതാണെങ്കിലും പല ചില്ലകളിൽ നിന്നുള്ളവരായത് കൊണ്ട് അവർ പരസ്പരം അറിയാൻ വഴിയില്ല. പക്ഷെ എൻറെ കുപ്പിയിൽ വന്നു വീണിട്ട് ഇത്രയും കാലമായതു കൊണ്ട് പരിചയപ്പെട്ടു കാണണം.
പക്ഷെ അവിടെയും ഒരു കുഴപ്പം. മുകളിലുള്ളവർ താഴെയുള്ളവരെ പരിചയപ്പെട്ടു കാണുമോ? സാധ്യതയുണ്ട്. ഓരോ തവണയും നിലത്ത് കുടഞ്ഞിട്ട്, എണ്ണിത്തിട്ടപ്പെടുത്തി, തിരിച്ച് കുപ്പിയിലാക്കുമ്പോൾ എല്ലാവരും ഒന്ന് കുഴഞ്ഞുമറിയുമല്ലോ. അപ്പോൾ എന്തായാലും എല്ലാവരും പരസ്പരം പരിചയപ്പെട്ടിട്ടുണ്ടാവും.
കൂട്ടത്തിൽ വലിയ ഭംഗിയൊന്നുമില്ലാത്ത കുറച്ചു പേരുണ്ട്. ഇത്തിരി മഞ്ഞച്ചവർ , അരികു പൊട്ടിയവർ, മുള വന്നവർ, പരന്നിരിക്കുന്നവർ, അങ്ങനെ കുറച്ചുപേർ.
ബാക്കിയുള്ളവർ അവരെ കളിയാക്കാറുണ്ടാകുമോ?
ഛെ! ഛെ! മഞ്ചാടിക്കുരുക്കൾ പരസ്പരം കളിയാക്കാനോ? അതൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ?
എന്തായാലും എനിക്ക് ഭംഗിയില്ലാത്ത മഞ്ചാടിക്കുരുക്കളെയാണ് കൂടുതൽ ഇഷ്ടം. അവരെയല്ലേ തിരിച്ചറിയാൻ എളുപ്പം? വേണമെങ്കിൽ പേരിട്ടു വിളിക്കുകയുമാവാം.
ശ്യോ! ദാ പിന്നേം ഞാൻ പക്ഷം പിടിക്കാൻ തുടങ്ങി. പറഞ്ഞിട്ട് കാര്യമില്ല. ഞാൻ വെറും ഒരു മനുഷ്യനാണല്ലോ.
അവർക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എൻറെ ഉള്ളംകയ്യിലെ വിയർപ്പിനെ പറ്റിയാവും.
പെറുക്കിയെടുക്കുമ്പോളും, പിന്നീട് എണ്ണിത്തിട്ടപ്പെടുത്തുമ്പോളുമൊക്കെ അവരുടെ ദേഹത്ത് പുരളാറുള്ള എൻറെ വിയർപ്പിനെപ്പറ്റി. ഒന്നാലോചിച്ചാൽ, എൻറെ വിയർപ്പിലൂടെ മാത്രമല്ലേ അവർക്കെന്നെ അറിയാൻ വഴിയുള്ളൂ? അതെ. ഞാൻ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കാണുന്നില്ല.
ഓ, പറഞ്ഞ് പറഞ്ഞ് ഒരു കാര്യം വിട്ടു പോയി. ഈ മഞ്ചാടിക്കുപ്പിയിൽ ഒരു പളുങ്കു ഗോലിയും ഉണ്ട്. എവിടുന്നോ വീണുകിട്ടിയ, അഞ്ചു ചെറിയ കുമിളകൾ ഉള്ള, ലോകം തലകീഴായി കാണിച്ചു തരുന്ന ഒരു കുഞ്ഞ് ഗോലി. ഒന്നോർത്താൽ അവൻറെ കാര്യം കഷ്ടമാണ്. ("അവൻ" ആണെന്ന് എങ്ങനെ ഉറപ്പിചെന്നോ? ഉറപ്പൊന്നുമില്ല. ഇനി "അവൾ" ആയാലും പ്രശ്നമൊന്നുമില്ല.) കൂട്ടിന് വേറെ ഗോലികളൊന്നുമില്ല.
അയ്യോ! ഞാൻ വെറുമൊരു മനുഷ്യനാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണല്ലോ! ഗോലിക്കെന്താ മഞ്ചാടികളുമായി കൂട്ടുകൂടിയാൽ? ഞാൻ ഒരു ഗോലിയായിരുന്നെങ്കിൽ മറ്റു ഗോലികളോട് മാത്രമേ കൂട്ടുകൂടൂ. സമ്മതിച്ചു. പക്ഷെ ആ ഗോലി ഞാൻ അല്ലല്ലോ. ചിലപ്പോൾ മഞ്ചാടിക്കുരുക്കൾ കൂട്ടുകാരായുള്ളത് കൊണ്ട് അവനായിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷവാനായ ഗോലി .
അങ്ങനെയാണെങ്കിൽ എവിടുന്നെങ്കിലും കുറച്ച് കുന്നിക്കുരു കൂടെ സംഘടിപ്പിക്കണം.
അപ്പോൾ കാര്യങ്ങളുടെ സ്ഥിതി ഇങ്ങനെയെല്ലാമായതുകൊണ്ട്, ഞാൻ പോയി എൻറെ മഞ്ചാടിക്കുരുക്കൾ ഒന്നുകൂടി എണ്ണട്ടെ.
അഞ്ഞൂറിൽ കുറയില്ല. തീർച്ച.