മനുഷ്യന്‍ എന്ന നികൃഷ്ട ജീവി ഇവിടെ പിറവിയെടുക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടെ സ്ഥിരതാമാസമാക്കിയ എന്‍റെ കൂറ സഖാക്കളേ, നിങ്ങള്‍ക്ക് ഈ വിനീതന്‍റെ അഭിവാദ്യങ്ങള്‍.
25 കോടി വര്‍ഷങ്ങളായി യാതൊരുവിധ മാറ്റങ്ങളും കൂടാതെ ഈ ഭൂമിയില്‍ ജീവിച്ചു പോരുന്ന നിങ്ങളെ പറ്റി "അത്ഭുതാവഹം" എന്നല്ലാതെ എന്താണ് ഞാന്‍ പറയേണ്ടത്?
ഒരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം എന്തുകൊണ്ടും മനുഷ്യരെക്കാള്‍ ശ്രേയസ്ക്കാരമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ പരിമിതമാണ്. മനുഷ്യന്‍റെ അന്തമില്ലാത്ത ആവശ്യങ്ങള്‍ (അല്ല, അനാവശ്യങ്ങള്‍) ആണല്ലോ സാമ്പതികശാസ്ത്രം എന്ന ശാസ്ത്രശാഖക്ക് തന്നെ അടിത്തറ പാകിയത്.
ഇപ്പോളിതാ, മനുഷ്യന്‍റെ ആര്‍ത്തി കൂട്ടാന്‍ എല്ലാ കൊല്ലവും വരുന്ന "അക്ഷയ തൃതീയ" വീണ്ടും വരുന്നു. ആ ഒരു ദിവസത്തേക്ക് വേണ്ടിയുള്ള ജ്വല്ലറിക്കാരുടെയും മറ്റും ഒരുക്കം ഒന്ന് കാണേണ്ടത് തന്നെയാണ്.
കുറച്ചു ദിവസം മുന്‍പ് ഒരു ആള്‍ദൈവം കൂടി ഈ ഭൂമിയില്‍ നിന്ന് കുറഞ്ഞു. മലയാളം ചാനലുകള്‍ അതിനെ ഒരു ഉത്സവം ആക്കുകയും ചെയ്തു.
"ഇന്നയാള്‍ മരിച്ചു" എന്ന് പറയുന്നതിന് പകരം "അദ്ദേഹം ദേഹവിയോഗം ചെയ്തു", "കാലഗതി പ്രാപിച്ചു", "ഇഹലോകവാസം വെടിഞ്ഞു", "സമാധിയടഞ്ഞു" എന്നിങ്ങനെ ഓരോ പ്രയോഗങ്ങളും.
ഇതെല്ലാം കാണുമ്പോള്‍ പ്രിയപ്പെട്ട കൂറ സഖാക്കളേ, ഞാനും നിങ്ങളെ പോലെ ഒരു കൂറയായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
എല്ലാ വിധ ഭാവുകങ്ങളോടും കൂടി,
ഒരു പാവം വിനീതന്‍.
No comments:
Post a Comment