Thursday 19 September 2013

ഞാൻ ഒരു മലയാളിയാണോ?

ഞാൻ ഒരു മലയാളിയാണോ? ഇരുന്നാലോചിക്കേണ്ട വിഷയമാണ്.

ഞാൻ ഇതെഴുതുന്നത് മലയാളത്തിലാണ്. പക്ഷെ അതുകൊണ്ട് മാത്രം ഞാൻ ഒരു മലയാളിയാവുമോ? ഇംഗ്ലീഷിലും എനിക്ക് ഇതേ വഴക്കത്തോടെ (ഒരുപക്ഷെ ഇതിനെക്കാൾ നന്നായി) എഴുതാൻ സാധിക്കും. പക്ഷെ അതുകൊണ്ട് ഞാൻ ഒരു ഇംഗ്ലീഷുകാരൻ ആവില്ലല്ലോ.

അപ്പൊ എഴുത്തിന്റെ കാര്യം തീരുമാനമായി.

എന്റെ "മാതൃഭാഷ" മലയാളമാണ് എന്നാണ് ചെറുപ്പം തൊട്ടേ ഞാൻ കേട്ടിട്ടുള്ളത്. "മാതൃഭാഷ" എന്ന വാക്കിന്റെ നിർവചനം "ചിന്തകളുടെ ഭാഷ" എന്നാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. അങ്ങനെ നോക്കിയാൽ എനിക്ക് ഒന്നിലധികം മാതൃഭാഷകളാണ്. കാരണം ഏതൊരു ഭാഷയിൽ ഞാൻ സംസാരിക്കുന്നുവോ, ആ സമയം അതേ ഭാഷയാണ് എന്റെ ചിന്തകൾക്കും.

വായനയുടെ കാര്യം എടുത്താലും സ്ഥിതി വ്യത്യാസമല്ല. ഒന്നിലധികം ഭാഷകൾ ഒരേ വഴക്കത്തോടെ എനിക്ക് വായിക്കാൻ കഴിയും.

ചുരുക്കിപ്പറഞ്ഞാൽ, ഒരു polyglot (ഇതിന്റെ മലയാളപദം എനിക്കറിയില്ല) ആയതിനാൽ ഭാഷയുടെ അടിസ്ഥാനത്തിൽ മലയാളി എന്ന ഗണത്തിൽ ചേരാൻ എനിക്ക് നിർവാഹമില്ല.

ജനിച്ചത്‌ കേരളത്തിൽ ആയതുകൊണ്ട് ഞാൻ മലയാളി ആവുമോ? മലയാളികൾ അല്ലാത്തവരും കേരളത്തിൽ ജനിക്കാറുണ്ട്. പക്ഷെ അതിനെക്കാളുപരി, എനിക്ക് കേരളത്തോട് "ഞാൻ ജനിച്ച സ്ഥലം" എന്ന കാരണത്താൽ യാതൊരുവിധ മമതയും ഇല്ല. ഒരു കൊല്ലമായി ഞാൻ ഹൈദരാബാദിൽ എത്തിയിട്ട്. ഇതുവരെ ഗ്രഹാതുരത്വത്തിന്റെ തള്ളിക്കയറ്റമൊന്നും എനിക്കുണ്ടായിട്ടില്ല.

അപ്പോൾ ജന്മസ്ഥലവും എന്നെ മലയാളിയാക്കുന്നില്ല.

ജന്മം കൊണ്ട് ഞാൻ ഒരു നായരാണത്രെ. ഇനി അതാണോ ഞാൻ മലയാളിയാവാൻ കാരണം? പറഞ്ഞുവരുമ്പോൾ കേരളം നായന്മാരുടെ കാൽച്ചുവട്ടിലാണല്ലോ. ഇറച്ചിയും മീനും കഴിക്കാത്ത, ബീഫിനോട് ആയിത്തമുള്ള, ഓണം കെങ്കേമമായി കൊണ്ടാടുന്ന നായന്മാരുടെ കാൽച്ചുവട്ടിൽ.

പക്ഷെ അവിടെയും ഒരു കുഴപ്പമുണ്ട്. എന്റെ മതം, ജാതി എന്തിന്, എന്റെ സ്വന്തം പേരുപോലും ഞാൻ തിരഞ്ഞെടുത്തതല്ല. (നിർ)ഭാഗ്യവശാൽ വന്നുഭവിച്ച കാര്യങ്ങൾ. ഞാൻ തിരഞ്ഞെടുക്കാത്ത ഇവയെ എന്റെ വ്യക്തിത്വത്തിന്റെ വലിയൊരു ഭാഗമാക്കുന്നത് ശരിയാണോ? എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ, ഈ വക വെച്ചുകെട്ടലുകളെ ഞാൻ കണക്കിലെടുക്കാറില്ല.

അങ്ങനെ പറഞ്ഞുവരുമ്പോൾ ഞാൻ ഒരു മലയാളിയല്ല എന്നു തീരുമാനിക്കേണ്ടി വരും. ഒരു കണക്കിന് അതാണ്‌ നല്ലത്. കുറേ പൊല്ലാപ്പ് ഒഴിഞ്ഞു കിട്ടും. സമാധാനം.