Wednesday 22 June 2011

തുമ്മല്‍

നമുക്ക് ഏറെ പരിചിതനായ, എന്നാല്‍ നമ്മുടെ വീട്ടിലേക്ക് വരാന്‍ നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു അതിഥിയെ പോലെയാണ് തുമ്മല്‍. വല്ലപ്പോഴുമേ ഈ അതിഥി വരൂ. പക്ഷേ വന്നാലോ? നമ്മളെ ശരിക്കും ബുദ്ധിമുട്ടിച്ചിട്ടെ പുള്ളി പോവൂ.

തുമ്മലിന് വരാന്‍ പ്രത്യേകിച്ച് നേരവും കാലവും ഒന്നുമില്ല. ചിലപ്പോള്‍ നട്ടപ്പാതിരക്ക്, നമ്മുടെ ഉറക്കം കളഞ്ഞു കൊണ്ടാവും ഇദ്ദേഹത്തിന്‍റെ വരവ്. മറ്റു ചിലപ്പോള്‍ രാവിലെ കുളിച്ച് കുറിയും തൊട്ടു ഒരു ഗ്ലാസ്‌ കാപ്പി കയ്യിലെടുക്കുമ്പോഴാവും. നല്ല ചൂട് കാപ്പി ദേഹത്ത് വീഴുകേം ചെയ്യും, ഭാഗ്യമുണ്ടെങ്കില്‍ [നമ്മുടെ കാര്യമല്ല] ഗ്ലാസ്‌ താഴെ വീണു പോട്ടുകേം ചെയ്യും. ഇതിനെക്കാളൊക്കെ കഷ്ടം സ്കൂളില്‍ മൌന പ്രാര്‍ത്ഥനയുടെ ഇടക്ക് തുമ്മല്‍ വരുമ്പോഴാണ്. എല്ലാവരും നിശബ്ദരായി, ശാന്തരായി പ്രാര്‍ഥിക്കുമ്പോള്‍‍……… ഹാ ച്ചി…….. നിശബ്ദത തവിടുപൊടി.

തുമ്മലിന്‍റെ ഏറ്റവും വലിയ പ്രശ്നം അതിനു ഒരു മരുന്നില്ല എന്നതാണ്. ജലദോഷത്തിന്‍റെ സ്വന്തം അളിയനായത് കൊണ്ട് :
“മരുന്ന് കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് മാറും.
ഇല്ലെങ്കില്‍ 7 ദിവസം പിടിക്കും”
അത് തന്നെയാണ് പ്രശ്നം. തുമ്മല്‍ വന്നു കഴിഞ്ഞാല്‍ തുമ്മി തന്നെ മാറണം. Vicksഉം അമൃതാഞ്ജന്‍ഉം  പുരട്ടിയാലും ഫലം നാസ്തി.

തുമ്മല്‍ പല തരമുണ്ട്. നീട്ടിത്തുമ്മല്‍, കുറുക്കി‍ത്തുമ്മല്‍, പരത്തിത്തു‍മ്മല്‍, വെടി പൊട്ടും പോലെയുള്ള “ടമാര്‍ പടാര്‍” തുമ്മല്‍, വെറും തുമ്മല്‍, പൊടിത്തുമ്മല്‍ അങ്ങനെയങ്ങനെയങ്ങനെ……

എന്‍റെ അഭിപ്രായത്തില്‍, തുമ്മലിനെ പറ്റി ഒരു പുസ്തകം തന്നെ എഴുതാന്‍ ഉള്ള വകുപ്പുണ്ട്. അങ്ങനെ ഒരു പുസ്തകം എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ലേഖനം ഒരു പ്രചോദനം ആവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു…..
ഹാ ച്ചി……

2 comments:

  1. nee thummaline kuddi veruthe viddila le!!!!!!

    ReplyDelete
  2. Chumma irikkumpo varunna oro bhaavana aanenne............

    ReplyDelete