Thursday 19 June 2014

തലക്കെട്ട്‌ ആവശ്യമുണ്ട്

വളരെയേറെ ആലോചിച്ചും പണിപ്പെട്ടും മെനഞ്ഞെടുത്ത ഒരു ഗംഭീരൻ കഥാതന്തുവിന് ഒരു തലക്കെട്ട്‌ ആവശ്യമുണ്ട്.

ഒത്ത നീളം, രസാവഹകമായ കഥാസന്ദർഭങ്ങൾ, വായിച്ചുതുടങ്ങുന്നവരെല്ലാം പൂർത്തിയാക്കുന്ന പ്രകൃതം, മുറ്റി നിൽക്കുന്ന നാടകീയത, ഉദ്വേകജനകമായ അന്ത്യം എന്നിവ സവിശേഷതകൾ.

നീളം കുറഞ്ഞ, സംക്ഷിപ്തമായ തലക്കെട്ടുകളിൽ നിന്നും മറുപടി ക്ഷണിച്ചുകൊള്ളുന്നു.


PS: ദ്വയാർത്ഥം ഉള്ള തലക്കെട്ടുകൾക്ക് മുൻഗണന.

Thursday 12 June 2014

ഞാൻ എഴുതാറുണ്ടായിരുന്നു

ഞാൻ എഴുതാറുണ്ടായിരുന്നു.

ഈ അടുത്ത കാലം വരെ.
ഞാൻ എഴുതാറുണ്ടായിരുന്നു.

കാണുന്നതിനെപ്പറ്റിയെല്ലാം,
ആശങ്കയില്ലാതെ, സംശയമില്ലാതെ,
ഞാൻ എഴുതാറുണ്ടായിരുന്നു.

പേരില്ലാത്ത, അടുക്കും ചിട്ടയും ഇല്ലാത്ത,
കുറെയേറെ കവിതകൾ, കോപ്രായങ്ങൾ, അങ്ങനെ പലതും,
ഞാൻ എഴുതാറുണ്ടായിരുന്നു.

കൌതുകം നിറഞ്ഞ കണ്ണുകളാൽ
ലോകത്തെ നോക്കിക്കണ്ടിരുന്ന ആ ദിനങ്ങളിൽ,
ഞാൻ എഴുതാറുണ്ടായിരുന്നു.

തിരക്കിൻറെ, കെട്ടുപാടുകളുടെ, കണ്ണടകൾ
എന്റെ കണ്ണിലെ കൌതുകം ഊറ്റിയെടുക്കും വരെ
ഞാൻ എഴുതാറുണ്ടായിരുന്നു.

അഭ്രപാളിയിലെ വെള്ളിവെളിച്ചം
എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നതിനു മുൻപ്,
ഞാൻ എഴുതാറുണ്ടായിരുന്നു.

പഴയ പുസ്തകത്താളുകളുടെ ഗന്ധം
എന്റെ സന്തതസഹചാരിയായിരുന്ന കാലം വരെ,
ഞാൻ എഴുതാറുണ്ടായിരുന്നു.

ഇന്ന്
എന്റെ മേശവലിപ്പിൽ പണ്ടെന്നോ ഞാൻ എറിഞ്ഞിട്ട,
മഷി കട്ടപിടിച്ച എന്റെ പേനയും,
ദ്രവിച്ച്, മഞ്ഞച്ച എന്റെ നോട്ടുപുസ്തകവും,
എന്നെ വീണ്ടും ഓർമിപ്പിക്കുന്നു.

ഞാൻ എഴുതാറുണ്ടായിരുന്നു.