Sunday 30 December 2012

മരണം

എനിക്ക് ഒരു മരണം കാണണം.

ശവശരീരങ്ങള്‍ ഏറെ കണ്ടിട്ടുണ്ട്. പക്ഷേ ഒരാള്‍ മരിക്കുന്നത് ഇത് വരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും ഇങ്ങനെ പോയാല്‍ ശെരിയാവില്ല. അതുകൊണ്ട് തീരുമാനിച്ചു. ഒരു മരണം കണ്ടിട്ട് തന്നെ കാര്യം.

പക്ഷെ അങ്ങനത്തെ ഒരു തീരുമാനത്തില്‍ കുറെ ആശയക്കുഴപ്പങ്ങള്‍ക്ക് വകയുണ്ട്. ഇതൊരു തീരുമാനത്തിലും ഉള്ള ചോദ്യങ്ങള്‍ തന്നെ. എങ്ങനെ, എപ്പോള്‍, എവിടെ വച്ച്? മരണത്തിന്‍റെ കാര്യമായതുകൊണ്ട് വേറെയും ചില സംശയങ്ങള്‍... ഏത് തരം മരണം? ആത്മഹത്യ? കൊലപാതകം? സ്വാഭാവിക മരണം? അതോ വീരമൃത്യു എന്ന് അറിയപ്പെടുന്ന ഹരാകിരിയോ?

കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഹരാകിരിയാണ് ഉള്ളതില്‍ ഭേദം. പക്ഷെ ഒരു ഹരാകിരി അതിന്‍റെ പൂര്‍ണമായ രൂപത്തിലും ഭാവത്തിലും ആസ്വദിക്കാന്‍ ജപ്പാനിലേക്ക് വണ്ടി കേറണം. അതിനുള്ള സമയമോ കഴിവോ തല്‍കാലം എനിക്കില്ല. അതുകൊണ്ട് ഹരാകിരി വേണ്ടെന്നു തീരുമാനിച്ചു.

സ്വാഭാവിക മരണം കാണാന്‍ പ്രയാസമാണ്. കാത്തിരിക്കണം. മാത്രമല്ല സംഗതി വേഗം കഴിയും. അനുഭവിക്കാന്‍ ഉള്ളതൊക്കെ അനുഭവിച്ചു തീര്‍ത്ത് ജീവിതം ഒരൊറ്റ നിമിഷത്തിലേക്ക്‌ ചുരുങ്ങി ഇല്ലാതാവുന്ന അവസ്ഥ. അതില്‍ പുറമേക്ക് കാണാന്‍ അധികമൊന്നും ഉണ്ടാവില്ല.കണ്ടുനില്‍ക്കുന്നവര്‍ക്ക് ഒരു സ്വിച്ച് ഓഫ്‌ ചെയ്ത പ്രതീതി. അത്ര മാത്രം.

പിന്നെ ഉള്ളത് കൊലപാതകം. ശെരിയായ മരണം. കാണാനും എളുപ്പം. പക്ഷെ ശെരിക്കും ആസ്വദിക്കണമെങ്കില്‍ പെട്ടെന്ന് കൊല്ലരുത്. തോക്ക് കൊണ്ട് വെടി വെക്കരുത്. വേഗം തീരും. ഒരു കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലണം. അവസാന നിമിഷത്തിലെ വെപ്രാളവും, വികാരങ്ങളും ആസ്വദിക്കാം. ചൂട് ചോര വാര്‍ന്നു പോകുന്നത് നോക്കി നില്‍ക്കാം. അവസാനത്തെ തുള്ളി വരെ. ശ്വാസം പതുക്കെ നിലക്കുന്നത് കേള്‍ക്കാം. ഒടുക്കം കണ്ണില്‍ നിന്ന് ജീവന്‍റെ വെളിച്ചം മറഞ്ഞു പോകുന്നതും നോക്കി കാണാം. ആത്മാവ് -- അങ്ങനെയോന്നുണ്ടെങ്കില്‍ -- ശരീരം വിട്ടൊഴിയുന്നത് അനുഭവിച്ചറിയാം. പൂര്‍ണമായ മരണം.

പക്ഷെ അപ്പോഴും മരണത്തിന്‍റെ ഒരു വകഭേദം കാണാന്‍ ബാക്കിയാവും. ആത്മഹത്യ. സ്വയം ഇല്ലാതാവല്‍. ഇല്ലാതാക്കല്‍. അതിന്‍റെ സുഖം ഒന്ന് വേറെ തന്നെ ആവും. തീര്‍ച്ച.

ഏറെ നേരത്തെ ആലോചനക്കൊടുവില്‍ ഇവ രണ്ടും കാണാന്‍ ഞാന്‍ ഒരു വഴി കണ്ടെത്തി. വളരെ പ്രായോഗികമായ ഒരു വഴി.

ഒരു കണ്ണാടിക്കു മുന്‍പില്‍ നിന്ന്, സ്വന്തം കണ്ണില്‍ നോക്കി, പതുക്കെ കഴുത്തില്‍ ഒരു കത്തി കൊണ്ട് ആഴത്തില്‍ വരയുക.

സ്വസ്ഥം. ശാന്തം.

Sunday 16 December 2012

കുത്തിക്കുറിപ്പ്

 
ഇനി എഴുതുന്നില്ല എന്നു ഞാന്‍ തീരുമാനിച്ചു.
എഴുതുന്നത്  ദളിത്‌-വിരുധമായാലോ?
ഒരു വെറും സവര്‍ണ്ണന്റെ കോപ്രായങ്ങളായി ഞാന്‍ എഴുതിയത് വ്യാഖ്യാനിക്കപ്പെട്ടാലോ ?
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന്  വായിക്കുന്നവര്‍ ചിന്തിച്ചാലോ ?
ഞാന്‍ എഴുതിയതിന്റെ ശരിയായ അര്‍ഥം -- ഞാന്‍ ഉദ്ദേശിക്കാന്‍ ഉദ്ദേശിച്ച, അവര്‍ കണ്ടെത്തിയ ശരിയായ അര്‍ഥം -- ഇതാണെന്നു പറഞ്ഞ് വായനക്കാര്‍ എന്റെ മഷിക്കുപ്പി പൊട്ടിച്ചാല്‍ ?
ഇനി അത്രയൊന്നുമായില്ലെങ്കില്‍ പോലുംബുദ്ധിജീവികളുടെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ വച്ച് തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ എന്റെ രചനകള്‍ വെറും കുട്ടിത്തങ്ങളായിപ്പോയാലോ ?
ഹോ! ഓര്‍ക്കാന്‍ വയ്യ!

കാര്യങ്ങള്‍ വളച്ചുകെട്ടി, ആര്‍ക്കും മനസിലാവാത്ത വിധത്തില്‍ പറഞ്ഞാല്‍ ഒരു ഗുണമുണ്ട് .
വായിക്കുന്നവരാരും "ഇതെന്താ?" എന്നു ചോദിക്കില്ല. നാണക്കേടല്ലേ?
ഒപ്പം, നമുക്ക് "Intellectual" എന്ന ലേബലും പതിച്ചു കിട്ടും.

വേണ്ട. കീറാമുട്ടി കണക്കുള്ള നിഗൂഢമായ വാചകങ്ങള്‍ മെനയാന്‍ എനിക്കറിയില്ല.
ലളിതമായി കാര്യങ്ങള്‍ പറയുവാനാണ്  എനിക്കിഷ്ടം.
പക്ഷെ അങ്ങനെ എഴുതിയാല്‍ ആര് വായിക്കാന്‍ ?
ഇനി വായിച്ചാല്‍ തന്നെ അവര്‍ പറയും : "You are a very shallow person." എനിക്കൊട്ടും ആഴമില്ലെന്ന് . പരപ്പും.

കുറച്ച് വായിക്കാന്‍ ശ്രമിച്ചു. കാമുവും സാര്‍ത്രും ദസ്തയവസ്കിയും ഗോര്‍ക്കിയുമെല്ലാം. മൊത്തമായി ദഹിച്ചില്ലെങ്കിലും കുറേ വാനരചേഷ്ഠകളെ തിരിച്ചറിയാന്‍ കഴിഞ്ഞു. അത്രയും സമാധാനം.

ഇങ്ങനെയൊക്കെ ആയതിനാല്‍, കണ്ണടച്ചുകൊണ്ട്  കണ്ട് , കാതുപൊത്തിക്കൊണ്ട്  കേട്ട്, വാമൂടിക്കൊണ്ട് പറഞ്ഞ്, കിട്ടുന്നതെല്ലാം വിഴുങ്ങി, കുറേ ശര്‍ദ്ദിച്ച്, കുറേ പാതി ദഹിച്ചു, യാത്ര തുടരാം. പേന തൊടാതെ.

എല്ലാവര്‍ക്കും നല്ലത് വരട്ടെ.

മംഗളം