Monday 21 January 2013

വേരുകള്‍

പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു വിത്ത് മുളച്ചു. തന്‍റെ അമ്മമരത്തിന്‍റെ അരികില്‍ തന്നെയായിരുന്നു ആ വിത്ത് മുളച്ചത്. നനഞ്ഞ മണ്ണില്‍ നിന്നും ആ പുതുനാമ്പ് പതിയെ തല നീട്ടി. ഓരില, ഈരില, മൂവില വിരിഞ്ഞു. തളിരിലകള്‍ക്ക് പച്ചനിറം വന്നു. ഇളം തണ്ടിന് ബലം വച്ചു. വെയിലിന്‍റെ ചൂടും, തെന്നലിന്‍റെ തണുപ്പും, തന്‍റെ വേരിലൂടെ വലിച്ചെടുത്ത വെള്ളവും എല്ലാം ഉപയോഗിച്ച് ആ നാമ്പ് അങ്ങനെ ഒരു ചെടിയായി വളര്‍ന്നു.

കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോള്‍ ചെടിക്ക് ചില പുതിയ ചിന്തകള്‍ വന്നു തുടങ്ങി. ഞാന്‍ ഇപ്പോള്‍ വളരുന്ന ഈ കാട് അല്‍പം പഴഞ്ചനല്ലേ? അല്ല, അല്‍പമല്ല, ശരിക്കും പഴഞ്ചന്‍ തന്നെയാണ്. ഇവിടെത്തന്നെ ഇങ്ങനെ വളര്‍ന്നാല്‍ ഞാനും ഒരു പഴഞ്ചനായി പോവും. തീര്‍ച്ച.

അങ്ങനെ ചെടി ഒരു തീരുമാനമെടുത്തു. കാടു വിട്ടു പോകുക. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക. ചെടിക്ക് ഉറപ്പായിരുന്നു, ഈ കാടിനു പുറത്തുള്ള ലോകം തന്നെ കാത്തിരിക്കുകയാണെന്ന്.

പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ചെടി പെട്ടെന്ന് ഒരു കാര്യമോര്‍ത്തു.
എന്‍റെ വേരുകള്‍ ഈ കാട്ടിലെ മണ്ണില്‍ ആഴത്തില്‍ ഉറച്ചിരിക്കുകയാണ്. ഈ കാടിനെ പോലെ തന്നെ അവയും പഴഞ്ചനാണ്. വേരുകളെ ഞാന്‍ കൂടെ കൊണ്ടുപോയാല്‍ അവ എനിക്ക് ഒരു ബാധ്യതയായേക്കാം.
ഇങ്ങനെ ചിന്തിച്ച ചെടി, തന്‍റെ വേരുകള്‍ മുറിച്ചു കളഞ്ഞിട്ട് പുതിയ നാടുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു.

കുറേ നാള്‍ യാത്ര ചെയ്ത് കഴിഞ്ഞപ്പോള്‍ ചെടിക്ക് ഒരു കാര്യം മനസിലായി. താന്‍ ചെന്ന നാടുകളിലെല്ലാം ചെടികള്‍ ആഴത്തില്‍ വേരൂന്നിയാണ് നില്‍പ്പ്. സ്വന്തം വേരുകള്‍ മുറിച്ചു കളഞ്ഞതിനാല്‍ പോയ ഒരു നാട്ടിലും ചെടിക്ക് സ്വന്തം ഇടം കണ്ടെത്താനായില്ല. ത്രിശന്ഗു  സ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി ചെടി.

അവസാനം തന്‍റെ കാട്ടിലേക്ക് തന്നെ മടങ്ങിപ്പോവാന്‍ ചെടി തീരുമാനിച്ചു. കുറേ കഷ്ടപ്പെട്ടെന്ഗിലും തിരിച്ചു പോകാനുള്ള വഴി കണ്ടെത്തിയ ചെടി സന്തോഷത്തോടെ തന്‍റെ കാട്ടിലെത്തി. പക്ഷെ അവിടെ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. മരങ്ങളും ചെടികളും തിങ്ങി വളര്‍ന്നിരുന്ന ആ കാട്ടില്‍, മുറിച്ചുമാറ്റപ്പെട്ട കുറേ വേരുകള്‍ മാത്രം.

2 comments:

  1. I absolutely love this one!! The message that this post sends is beautiful :) LOVE IT !!

    ReplyDelete