Saturday, 5 March 2016

ഇനി ഞാൻ യാത്രചോദിക്കുകയാണ്

മുൻകുറിപ്പ്: തലക്കുമുകളിലൂടെ ഓരോ അഞ്ചുമിനിറ്റിലും ഇരമ്പിക്കൊണ്ട് വിമാനങ്ങൾ പോകുന്നു. എഴുതുവാനിരാക്കുമ്പോൾ ഇന്ന് ചൊല്ലിക്കേട്ട വിപ്ലവത്തെപ്പറ്റിയുള്ള ഒരു കവിത ഓർമ്മ വരുന്നു. ആ വിപ്ലവഗാനം പ്രണയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. തന്റെ പ്രണയിനിയെ "സുഹൃത്തേ" എന്ന് സംബോധന ചെയ്ത കവി, 'പാശ്' എന്ന തൂലികാനാമമുള്ള അവ്താർ സിംഗ് സന്ധു, വെടിയുണ്ടയേറ്റാണത്രേ മരിച്ചത്.
പ്രണയവും വിപ്ലവവും തമ്മിലുള്ള ഒരു മൽപ്പിടിത്തം പോലെയാണ് പലപ്പോഴും കവിതയുടെ ഗതി. വിപ്ലവത്തോളം തന്നെ പ്രിയപ്പെട്ടതാണ് കവിക്ക് പ്രണയവും. ആ പ്രണയത്തിന്റെ അനുഭൂതികളെ തീക്ഷണതയോടെ ഓർമ്മിക്കുന്ന കവി, വിടപറയുമ്പോൾ "എന്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക" എന്നാണ് തൻ്റെ സുഹൃത്തിനോട് പറയുന്നത്.
എന്നിലെവിടെയോ കൊളുത്തിവലിച്ച ആ കവിത മലയാളത്തിലേക്ക് തർജമ ചെയ്യാൻ ഞാൻ നടത്തിയ ശ്രമമാണിത്. പ്രണയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കവിത ഉണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ.

ഇനി ഞാൻ യാത്ര ചോദിക്കുകയാണ്


ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

സുഹൃത്തേ, ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

ഞാൻ ഒരു കവിത എഴുതാൻ ആഗ്രഹിച്ചിരുന്നു
ജീവിതകാലം മുഴുവൻ നിനക്കു വായിച്ചിരിക്കാൻ തക്കതൊന്ന്

ആ കവിതയിൽ
സുഗന്ധം പരത്തുന്ന മല്ലിപ്പാടങ്ങൾ ഉണ്ടാകുമായിരുന്നു
കരിമ്പിൻ തോട്ടങ്ങളുടെ മർമ്മരം ഉണ്ടാകുമായിരുന്നു
ആ കവിതയിൽ, തരുശാഖകളിൽ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുള്ളിയും
കടഞ്ഞ പാലിൽ പൊങ്ങിക്കിടക്കുന്ന നുരയും ഉണ്ടാകുമായിരുന്നു
നിന്റെ ശരീരത്തിൽ
ഞാൻ കണ്ടതിന്റെയെല്ലാം
ഓർമ്മകളും ഉണ്ടാകുമായിരുന്നു
ആ കവിതയിൽ എന്റെ കൈകളുടെ പരുപരുപ്പിന്റെ
ചിരി ഉണ്ടാകുമായിരുന്നു
എന്റെ നാഭിയിലെ മത്സ്യങ്ങളുടെ നീന്തൽ ഉണ്ടാകുമായിരുന്നു
എന്റെ നെഞ്ചിലെ രോമത്തിന്റെ നനുത്ത പരവതാനിയിൽ നിന്ന്
വികാരത്തിന്റെ തീജ്വാലകൾ ഉയരുമായിരുന്നു

ആ കവിതയിൽ
നിനക്കുവേണ്ടിയും
എനിക്കുവേണ്ടിയും
ജീവിതത്തിലെ എല്ലാ ബന്ധങ്ങൾക്കുവേണ്ടിയും,
സുഹൃത്തേ, വളരെയേറെ കാര്യങ്ങൾ ഉണ്ടാകുമായിരുന്നു

പക്ഷേ ഉലഞ്ഞുപോയ ഈ ലോകത്തിന്റെ രൂപത്തോട് പൊരുത്തപ്പെടുക
വളരെയധികം അരോചകമാണ്

ശകുനങ്ങളാൽ നിറഞ്ഞ ആ കവിത
ഞാൻ എഴുതിയിരുന്നുവെങ്കിലും
എന്നെയും നിന്നെയും ദുഖഃത്തിലാഴ്ത്തിക്കൊണ്ട്
അതപ്പോൾ തന്നെ മരിച്ചുവീഴുമായിരുന്നു

സുഹൃത്തേ, കവിതക്ക് ആത്മാവില്ലാതായിരിക്കുന്നു
അതേസമയം, ആയുധങ്ങളുടെ മുനകൾ വല്ലാതെ വളർന്നിരിക്കുന്നു
അതിനാലിപ്പോൾ എല്ലാത്തരം കവിതകൾക്കും മുന്നേ
ആയുധങ്ങളോട് യുദ്ധം ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു

യുദ്ധത്തിൽ
ഏതൊരു കാര്യവും എളുപ്പത്തിൽ മനസിലാക്കപ്പെടുന്നു
നമ്മുടെ, അല്ലെങ്കിൽ ശത്രുവിൻ്റെ, പേരെഴുതുന്നതുപോലെ

ഈ അവസ്ഥയിൽ
ചുംബനത്തിനായി എന്നിലേക്കടുത്ത അധരങ്ങളുടെ ആകൃതിയെ
ഭൂഗോളത്തിൻ്റെ ആകാരത്തോടുപമിക്കുന്നതും
നിൻ്റെ അരക്കെട്ട് ഓളം വെട്ടുന്നതിനെ
ആഴിയുടെ ശ്വാസോഛാസവുമായി താരതമ്യപ്പെടുത്തുന്നതും
വെറും കുട്ടിത്തമായി തോന്നാറുണ്ടായിരുന്നു
അതിനാൽ ഞാനങ്ങനെയൊന്നും ചെയ്തില്ല

നിന്നെയും
എൻ്റെ ഉമ്മറത്ത്, എൻ്റെ കുട്ടിയെ കളിപ്പിക്കുവാനുള്ള നിൻ്റെ ആഗ്രഹത്തെയും
യുദ്ധത്തിൻ്റെ പൂർണ്ണതയേയും
ഒരേ വരിയിൽ നിർത്തുവാൻ എനിക്കായില്ല
ഇനി ഞാൻ യാത്ര ചോദിക്കുകയാണ്

സുഹൃത്തേ, നമ്മൾ ഓർത്തുവെക്കും
ഉച്ചവെയിലിൽ ഒരു കൊല്ലൻ്റെ നെരിപ്പോടുകണക്ക് ചുട്ടുപൊള്ളുന്ന
നമ്മുടെ ഗ്രാമത്തിലെ മൺതിട്ടകൾ
രാത്രിയിൽ പൂക്കളേപ്പോലെ സുഗന്ധം പരത്തുമെന്ന്
നിലാവെളിച്ചത്തിൽ, കരിമ്പിൻ്റെ ഉണങ്ങിയ ഇലകളുടെ
കൂമ്പാരത്തിനുമേൽ കിടന്ന്
സ്വർഗത്തിനെ തെറി വിളിക്കുന്നത് സംഗീതമയമാണെന്ന്
അതെ, ഇതെല്ലാം നമ്മൾ ഓർത്തിരിക്കേണ്ടവയാണ്, കാരണം
ഹൃദയത്തിൻ്റെ കീശകളിൽ ഒന്നുമില്ലാതാവുന്ന നേരത്ത്
ഓർമ്മിക്കുന്നത് സുഖമുള്ള ഒരേർപ്പാടാണ്

വിടവാങ്ങലിൻ്റെ ഈ വേളയിൽ പലതിനോടും നന്ദി പറയാനുണ്ട്

പരസ്പരം കണ്ടുമുട്ടിയ ഇടങ്ങളിൽ
കൂടാരം പോലെ പരന്നുനിന്ന മരങ്ങളോട്
നമ്മുടെ കൂടിക്കാഴ്ചയാൽ സൗന്ദര്യമുള്ളതായ് തീർന്ന
ആ സാധാരണ ഇടങ്ങളോട്

ഞാൻ നന്ദി പറയുന്നു
എൻ്റെ തലക്കുമുകളിൽ തങ്ങിനിൽക്കുന്ന,
നിന്നേപ്പോലെ മൃദുവും, സംഗീതാത്മകവുമായ,
നിനക്കായുള്ള കാത്തിരിപ്പിൽ എനിക്ക് കൂട്ടിരുന്ന
കാറ്റിനോട്
നിൻ്റെ പതിഞ്ഞ കാലടികൾക്കു മുന്നിൽ
എന്നും തലകുനിച്ചിരുന്ന പുൽക്കൊടികളോട്
നമുക്കു കിടക്കാൻ പുഞ്ചിരിച്ചുകൊണ്ട്
മെത്തയായി മാറിയ പഞ്ഞിക്കെട്ടുകളോട്
കരിമ്പിൻതോട്ടത്തിലെ നമ്മുടെ കാവൽഭടൻമാരായ
കരിയിലക്കിളികളോട്
നിലംപറ്റിക്കിടന്നപ്പോൾ നമ്മളെ പുതപ്പിച്ച
ഗോതമ്പിൻ്റെ ചെറുകതിരുകളോട്

എനിക്ക് നന്ദിയുണ്ട്, പിഞ്ചു കടുകിൻപൂക്കളോട്

നിൻ്റെ മുടിയിഴകളിൽ നിന്ന് പൂമ്പൊടി വേർപെടുത്തുവാൻ
അവസരമുണ്ടാക്കിയതിന്

ഞാൻ മനുഷ്യനാണ്
കുഞ്ഞുകുഞ്ഞു കാര്യങ്ങൾ കോർത്തിണക്കി നിർമ്മിക്കപ്പെട്ടവൻ
ചിതറിപ്പോകാതെ പിടിച്ചുനിർത്തിയ
എല്ലാറ്റിനോടും എനിക്ക് കടപ്പാടുണ്ട്
ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു

പ്രണയിക്കുകയെന്നത് മനുഷ്യസഹജമാണ്
അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ട്
പൊരുതാൻ തയ്യാറെടുക്കുന്നതുപോലെ
അല്ലെങ്കിൽ, അജ്ഞാതവാസത്തിനിടെ ഏറ്റ വെടിയുണ്ടയുമായി
ഒരു ഗുഹയിൽ കിടന്ന്,
മുറിവുണങ്ങുന്നതിനെപ്പറ്റി സ്വപ്നം കാണുന്നതുപോലെ

പ്രണയിക്കുക
പോരാടാൻ സാധിക്കുക
ഇവ തന്നെയാണ് സുഹത്തേ ജീവിതത്തെ അർത്ഥവത്താക്കുന്നത്

വെയിലിനെപ്പോൽ ഭൂമിയുടെ മേൽ പ്രകാശിക്കുക
എന്നിട്ട്, ഒരിലിംഗനത്തിൽ ചേർന്നുകിടക്കുക
വെടിമരുന്നിനെപ്പോലെ ജ്വലിക്കുക
എന്നിട്ട്, നാലുദിക്കിലും മുഴങ്ങുക
ജീവിക്കേണ്ട രീതി ഇതുതന്നെയാണ്

ജീവിതം കച്ചവടക്കാരാക്കി മാറ്റിയവർക്ക്
പ്രണയിക്കുവാനും ജീവിക്കുവാനും അറിയില്ല
ശരീരത്തിൻ്റെ ബന്ധം മനസിലാക്കാൻ പറ്റുന്നതും
സന്തോഷവും വെറുപ്പും വേർതിരിക്കാതിരിക്കുന്നതും
ജീവിതത്തിൻ്റെ വിശാലതയിൽ ഭ്രമിച്ചുവശാവുന്നതും
ഭയാശങ്കകളെ കീറിമുറിച്ച് കണ്ടുമുട്ടുന്നതും, വിടവാങ്ങുന്നതും
വളരെ ശൂരതയുള്ള കാര്യമാണ് സുഹൃത്തേ
ഇനി ഞാൻ യാത്ര ചോദിക്കുകയാണ്
ജീവിക്കേണ്ട രീതി ഇതുതന്നെയാണ്

ജീവിതം കണക്കപ്പിള്ളമാരായി മാറ്റിയവർക്ക്
പ്രണയിക്കുവാനും ജീവിക്കുവാനും അറിയില്ല
ശരീരത്തിൻ്റെ ബന്ധം മനസിലാക്കാൻ പറ്റുന്നതും
സന്തോഷവും വെറുപ്പും വേർതിരിക്കാതിരിക്കുന്നതും
ജീവിതത്തിൻ്റെ വിശാലതയിൽ ഭ്രമിച്ചുവശാവുന്നതും
ഭയാശങ്കകളെ കീറിമുറിച്ച് കണ്ടുമുട്ടുന്നതും, വിടവാങ്ങുന്നതും
വളരെ ധീരതയുള്ള കാര്യമാണ് സുഹൃത്തേ

ഇനി ഞാൻ വിടവാങ്ങുകയാണ്

നീ മറക്കുക
എങ്ങനെ നിന്നെ ഞാൻ കണ്ണിലെ കൃഷ്ണമണിപോലെ വളർത്തിവലുതാക്കിയെന്ന്
നിൻ്റെ രൂപതീക്ഷണത നിലനിർത്തുവാൻ
എൻ്റെ കണ്ണുകൾ എന്തെല്ലാം ചെയ്തുവെന്ന്
എൻ്റെ ചുംബനങ്ങൾ നിൻ്റെ മുഖത്തെ
എത്രമാത്രം സുന്ദരമാക്കിയെന്ന്
എൻ്റെ ആലിംഗനങ്ങൾ മെഴുകുപോലുള്ള നിൻ്റെ ശരീരത്തിനെ
എങ്ങനെ കടഞ്ഞെടുത്തെന്ന്

സുഹൃത്തേ, ഇതെല്ലാം നീ മറക്കുക

എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നതൊഴിച്ച്
കഴുത്തറ്റം ജീവിതത്തിൽ മുങ്ങികിടക്കുവാൻ ഞാൻ
ആഗ്രഹിച്ചിരുന്നു എന്നതൊഴിച്ച്

എൻ്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക
സുഹൃത്തേ, എൻ്റെ പങ്കിനുള്ളതുകൂടി നീ ജീവിക്കുക

(ഹിന്ദിയിലുള്ള വരികൾ താഴെ ചേർക്കുന്നു.)

अब विदा लेता हूं
अब विदा लेता हूं
मेरी दोस्त, मैं अब विदा लेता हूं
मैंने एक कविता लिखनी चाही थी
सारी उम्र जिसे तुम पढ़ती रह सकतीं
उस कविता में
महकते हुए धनिए का जिक्र होना था
ईख की सरसराहट का जिक्र होना था
उस कविता में वृक्षों से टपकती ओस
और बाल्टी में दुहे दूध पर गाती झाग का जिक्र होना था
और जो भी कुछ
मैंने तुम्हारे जिस्म में देखा
उस सब कुछ का जिक्र होना था
उस कविता में मेरे हाथों की सख्ती को मुस्कुराना था
मेरी जांघों की मछलियों ने तैरना था
और मेरी छाती के बालों की नरम शॉल में से
स्निग्धता की लपटें उठनी थीं
उस कविता में
तेरे लिए
मेरे लिए
और जिन्दगी के सभी रिश्तों के लिए बहुत कुछ होना था मेरी दोस्त
लेकिन बहुत ही बेस्वाद है
दुनिया के इस उलझे हुए नक्शे से निपटना
और यदि मैं लिख भी लेता
शगुनों से भरी वह कविता
तो उसे वैसे ही दम तोड़ देना था
तुम्हें और मुझे छाती पर बिलखते छोड़कर
मेरी दोस्त, कविता बहुत ही निसत्व हो गई है
जबकि हथियारों के नाखून बुरी तरह बढ़ आए हैं
और अब हर तरह की कविता से पहले
हथियारों के खिलाफ युद्ध करना ज़रूरी हो गया है
युद्ध में
हर चीज़ को बहुत आसानी से समझ लिया जाता है
अपना या दुश्मन का नाम लिखने की तरह
और इस स्थिति में
मेरी तरफ चुंबन के लिए बढ़े होंटों की गोलाई को
धरती के आकार की उपमा देना
या तेरी कमर के लहरने की
समुद्र के सांस लेने से तुलना करना
बड़ा मज़ाक-सा लगता था
सो मैंने ऐसा कुछ नहीं किया
तुम्हें
मेरे आंगन में मेरा बच्चा खिला सकने की तुम्हारी ख्वाहिश को
और युद्ध के समूचेपन को
एक ही कतार में खड़ा करना मेरे लिए संभव नहीं हुआ
और अब मैं विदा लेता हूं
मेरी दोस्त, हम याद रखेंगे
कि दिन में लोहार की भट्टी की तरह तपने वाले
अपने गांव के टीले
रात को फूलों की तरह महक उठते हैं
और चांदनी में पगे हुई ईख के सूखे पत्तों के ढेरों पर लेट कर
स्वर्ग को गाली देना, बहुत संगीतमय होता है
हां, यह हमें याद रखना होगा क्योंकि
जब दिल की जेबों में कुछ नहीं होता
याद करना बहुत ही अच्छा लगता है
मैं इस विदाई के पल शुक्रिया करना चाहता हूं
उन सभी हसीन चीज़ों का
जो हमारे मिलन पर तंबू की तरह तनती रहीं
और उन आम जगहों का
जो हमारे मिलने से हसीन हो गई
मैं शुक्रिया करता हूं
अपने सिर पर ठहर जाने वाली
तेरी तरह हल्की और गीतों भरी हवा का
जो मेरा दिल लगाए रखती थी तेरे इंतज़ार में
रास्ते पर उगी हुई रेशमी घास का
जो तुम्हारी लरजती चाल के सामने हमेशा बिछ जाता था
टींडों से उतरी कपास का
जिसने कभी भी कोई उज़्र न किया
और हमेशा मुस्कराकर हमारे लिए सेज बन गई
गन्नों पर तैनात पिदि्दयों का
जिन्होंने आने-जाने वालों की भनक रखी
जवान हुए गेंहू की बालियों का
जो हम बैठे हुए न सही, लेटे हुए तो ढंकती रही
मैं शुक्रगुजार हूं, सरसों के नन्हें फूलों का
जिन्होंने कई बार मुझे अवसर दिया
तेरे केशों से पराग केसर झाड़ने का
मैं आदमी हूं, बहुत कुछ छोटा-छोटा जोड़कर बना हूं
और उन सभी चीज़ों के लिए
जिन्होंने मुझे बिखर जाने से बचाए रखा
मेरे पास शुक्राना है
मैं शुक्रिया करना चाहता हूं
प्यार करना बहुत ही सहज है
जैसे कि जुल्म को झेलते हुए खुद को लड़ाई के लिए तैयार करना
या जैसे गुप्तवास में लगी गोली से
किसी गुफा में पड़े रहकर
जख्म के भरने के दिन की कोई कल्पना करे
प्यार करना
और लड़ सकना
जीने पर ईमान ले आना मेरी दोस्त, यही होता है
धूप की तरह धरती पर खिल जाना
और फिर आलिंगन में सिमट जाना
बारूद की तरह भड़क उठना
और चारों दिशाओं में गूंज जाना -
जीने का यही सलीका होता है
प्यार करना और जीना उन्हे कभी नहीं आएगा
जिन्हें जिन्दगी ने बनिए बना दिया
जिस्म का रिश्ता समझ सकना,
खुशी और नफरत में कभी भी लकीर न खींचना,
जिन्दगी के फैले हुए आकार पर फि़दा होना,
सहम को चीरकर मिलना और विदा होना,
बड़ी शूरवीरता का काम होता है मेरी दोस्त,
मैं अब विदा लेता हूं
जीने का यही सलीका होता है
प्यार करना और जीना उन्हें कभी आएगा नही
जिन्हें जिन्दगी ने हिसाबी बना दिया
ख़ुशी और नफरत में कभी लीक ना खींचना
जिन्दगी के फैले हुए आकार पर फिदा होना
सहम को चीर कर मिलना और विदा होना
बहुत बहादुरी का काम होता है मेरी दोस्त
मैं अब विदा होता हूं
तू भूल जाना
मैंने तुम्हें किस तरह पलकों में पाल कर जवान किया
कि मेरी नजरों ने क्या कुछ नहीं किया
तेरे नक्शों की धार बांधने में
कि मेरे चुंबनों ने
कितना खूबसूरत कर दिया तेरा चेहरा कि मेरे आलिंगनों ने
तेरा मोम जैसा बदन कैसे सांचे में ढाला
तू यह सभी भूल जाना मेरी दोस्त
सिवा इसके कि मुझे जीने की बहुत इच्छा थी
कि मैं गले तक जिन्दगी में डूबना चाहता था
मेरे भी हिस्से का जी लेना
मेरी दोस्त मेरे भी हिस्से का जी लेना।

No comments:

Post a Comment